ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി

//ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി
Floating Homoeo Dispensary

കുട്ടനാട്ടിലെയും ഹരിപ്പാടിലെയുംമറ്റു പിന്നാക്ക പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച നൂതന സംരംഭമാണിത്.

കായലും കടലും പുഴയും ദ്വീപുകളും വയലേലകളും നിറഞ്ഞ മനോഹര പ്രദേശമാണ് ആലപ്പുഴ,പ്രത്യേകിച്ചും കുട്ടനാട്.കടല്‍ നിരപ്പിന് താഴെ കിടക്കുന്ന പ്രദേശം എന്ന പ്രത്യേകത കൂടിയുണ്ട് കേരളത്തിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയ്ക്ക് .കായല്‍ ടൂറിസത്തിന്അന്താരാഷ്ട്ര തലത്തില്‍ തന്നെ പേരുകേട്ട ഈ ദേശം പക്ഷെ പകര്‍ച്ചവ്യാധികളുടെയും ജലജന്യ -കൊതുകു ജന്യ രോഗങ്ങളുടെയും ഒക്കെ സമൃദ്ധമായ കലവറ കൂടിയാണെന്നത് ഒരു വസ്തുതയത്രെ .ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സാമൂഹികമായും സാമ്പത്തിമായും ഏറെ പിന്നിലാണ്.കര്‍ഷകരും തൊഴിലാളികളും മീന്‍പിടിത്തക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ ഗതാഗത സൗകര്യങ്ങളും ആരോഗ്യ സേവന സൗകര്യങ്ങളും തുലോം പരിമിതമാണ്. ഇവിടങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഹോമിയോപ്പതി വകുപ്പ് 2013 ജൂണില്‍ കുട്ടനാട്ടില്‍ ആദ്യത്തെ ഫ്ളോട്ടിങ് ഡിസ്പെന്‍സറി ആരംഭിച്ചത്.ആദ്യ സംരംഭം വന്‍വിജയമായതിനെത്തുടര്‍ന്ന് മറ്റു പ്രദേശങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നു വരികയും ഹരിപ്പാട്, ചമ്പക്കുളം എന്നിവിടങ്ങളില്‍ യഥാക്രമം 2014 ,2015 എന്നീ വര്‍ഷങ്ങളില്‍ ഇത്തരം ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി കണക്കിലെടുത്താണ് ഫ്ളോട്ടിങ് ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുന്നത്. കുട്ടനാട് കടല്‍ നിരപ്പിന് താഴെ നില്‍ക്കുന്ന പ്രദേശമാണ്.വര്ഷകാലങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള ഈ പ്രദേശത്തു ആശുപത്രികളോ ഗതാഗത യോഗ്യമായ റോഡുകളോ മറ്റു അനുബന്ധ സൗകര്യങ്ങളോ ഇല്ലെന്നു തന്നെ പറയാം. കുടിവെള്ളമോ ശുചിത്വ സംവിധാനങ്ങളോ പരിമിതമായതു കൊണ്ട് തന്നെ സാംക്രമിക രോഗ സാധ്യത വളരെയേറെ കൂടുതലാണ്.

 

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗം മൂലം ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളുടെ ആധിക്യവും ഈ പ്രദേശങ്ങളില്‍ കാണുന്നു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം,രക്താതി മര്‍ദം, അമിതകൊളസ്‌ട്രോള്‍ തുടങ്ങിയവയും ഇവിടങ്ങളില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ വൈദ്യസഹായം ലഭ്യമാകുന്നതിലെ ബുദ്ധിമുട്ട് മൂലം പലപ്പോഴും ജീവിതത്തിനു തന്നെ ഭീഷണിയാവുന്നുണ്ട് ഇത്തരം രോഗങ്ങള്‍ .വെള്ളപ്പൊക്ക സമയങ്ങളില്‍ ഈ പ്രദേശം ഒറ്റപ്പെടുകയും സാംക്രമിക രോഗങ്ങളുടെ പിടിയിലാവുകയും ചെയ്യുന്നു. എന്നാല്‍ ചികിത്സാപരമായ ഇടപെടലുകളുടെ അഭാവം ഇത്തരം അവസ്ഥകളെ മിക്കപ്പോഴും ദുരന്തപര്യവസായി ആക്കിത്തീര്‍ക്കുകയാണ് ചെയ്യാറ് .

റോഡ് ഗതാഗതം തുലോം കുറവായ കുട്ടനാട്ടില്‍ ജനങ്ങളെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഏക മാര്‍ഗം ജലഗതാഗതം തന്നെയാണ്. കുട്ടികളെയും വൃദ്ധരെയും ചികിത്സ കേന്ദ്രങ്ങളില്‍ എത്തിക്കുന്നത് അത് കൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു വെല്ലുവിളിയായിട്ടാണ് അനുഭവപ്പെടാറ് .ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്ന നിലയില്‍, ആരോഗ്യ സേവന കേന്ദ്രങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ ഇടങ്ങളില്‍,അനുയോജ്യമായ രീതിയില്‍ എത്തിക്കുക എന്ന ലക്ഷ്യം വെച്ചണ് ഹോമിയോപ്പതി വകുപ്പ് ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി ആസൂത്രണം ചെയ്തിട്ടുള്ളത്.
ഫ്ളോട്ടിങ് ഡിസ്പെന്‍സറി മുഖ്യമായും കുട്ടനാട്,കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണ് സേവനം നടത്തുന്നത്.

ബോട്ട്1 :-കൈനകരി,നെടുമുടി,പുളിങ്കുന്ന്,കാവാലം ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കിഴക്കന്‍ ഭാഗങ്ങളിലും ആയി 21 കേന്ദ്രങ്ങളിലാണ് സേവനം നടത്തുന്നത്.ഏകദേശം ജനസംഖ്യ 150000.

ഫ്ളോട്ടിങ് ഡിസ്പെന്‍സറി,ഹരിപ്പാട്.(ബോട്ട് നം: 2 )

തൃക്കുന്നപ്പുഴ,ആറാട്ടുപുഴ,കരുവാറ്റ,പുറക്കാട് ഗ്രാമപഞ്ചായത്തുകളിലെ ഏകദേശം 150000 ജനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നു.
ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി,ചമ്പക്കുളം: (ബോട്ട് നം :3 ) ചമ്പക്കുളം,നെടുമുടി,തകഴിപഞ്ചായത്തുകളും,അമ്പലപ്പുഴ സൗത്ത് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കന്‍ ഭാഗവും. 15 കേന്ദ്രങ്ങളിലൂടെ ഏതാണ്ട് ഒരു ലക്ഷം പേര്‍ക്ക് സേവനം നല്‍കുന്നു.

ഈ കേന്ദ്രങ്ങള്‍ക്ക് വേണ്ട മോട്ടോര്‍ബോട്ടുകള്‍ പ്രതി വര്‍ഷം ടെന്‍ഡര്‍ മുഖേന വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. 15 ടണ്ണില്‍ കൂടുതല്‍ ഭാരവും 14 മീറ്റര്‍ നീളവും 4 -5 മീറ്റര്‍ വീതിയും 1 .8 മീറ്റര്‍ ഉയരവും ഉള്ളവയായിരിക്കണം .ബോട്ടുകള്‍ക്ക് സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ്,കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്,ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ട് രെജിസ്‌ട്രേഷന്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം കണ്‍സള്‍ട്ടിങ്ങ് ഏരിയ യും ഫാര്‍മസിയും ആയി ബോട്ടിന്റെ ഇന്റീരിയര്‍ പുനര്‍ സംവിധാനം ചെയ്തിട്ടുണ്ടാവും.

ഓരോ ഫ്ളോട്ടിങ് ഡിസ്‌പെന്‌സറിയിലും മെഡിക്കല്‍ ഓഫീസര്‍,ഫാര്‍മസിസ്റ്റ് ,അറ്റന്‍ഡര്‍, വളണ്ടിയര്‍ എന്നിവരടങ്ങുന്ന ഒരു മെഡിക്കല്‍ ടീമുണ്ടായിരിക്കും.നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സ്ഥലങ്ങളില്‍ ഇവരുടെ സേവനം ലഭ്യമായിരിക്കും. ഓരോ ഡിസ്‌പെന്‌സറിക്കും ഒരു ബെയ്സ് ക്യാംപ് ഉണ്ടായിരിക്കും. (ബോട്ട് 1 -ആലപ്പുഴ, ബോട്ട് 2 -തോട്ടപ്പള്ളി ,ബോട്ട് 3 -നെടുമുടി). ഇവിടെ നിന്നാണ് ബോട്ടുകള്‍ ദിവസവും പുറപ്പെടുന്നത്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ ഉച്ചക്ക് 2 വരെ സേവനം ലഭ്യമാണ്.അവശ്യ ഘട്ടങ്ങളില്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ ഒരു ആംബുലന്‍സ് ആയും ബോട്ടുകള്‍ പ്രവര്‍ത്തിക്കും.

കുട്ടനാട്ടിലെ ഫ്‌ലോട്ടിങ് ഡിസ്പെന്‍സറി 21 കേന്ദ്രങ്ങളിലും ഹരിപ്പാട്ടേത് 19 കേന്ദ്രങ്ങളിലും ചമ്പക്കുളത്തേത് 15 കേന്ദ്രങ്ങളിലും മുന്‍ നിശ്ചയിച്ച ദിവസങ്ങളില്‍ ഷെഡ്യൂള്‍ പ്രകാരം പ്രവര്‍ത്തിക്കും.അടുത്ത സന്ദര്‍ശനത്തിന്റെ ദിവസം ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. അതാത് കേന്ദ്രങ്ങളില്‍ ബോട്ട് എത്തിയാല്‍ വളണ്ടിയര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ വിവരം അറിയിക്കുകയും ജനങ്ങളെ ഡിസ്‌പെന്‌സറിയിലേക്ക് നയിക്കുകയും ചെയ്യും. ഭിന്നശേഷിക്കാരെയും വൃദ്ധരെയും ഡിസ്‌പെന്‌സറിയിലെത്തിക്കുന്നതിന് വളണ്ടിയര്‍ സഹായിക്കും.

ഫ്ളോട്ടിങ് ഡിസ്‌പെന്‌സറിയില്‍ പ്രത്യേക കേസ് റെക്കോര്‍ഡും ഒപി കാര്‍ഡുകളും സൂക്ഷിക്കുകയും അറ്റന്‍ഡര്‍ അത് രോഗികള്‍ക്ക് നല്‍കുകയും ചെയ്യും.മെഡിക്കല്‍ ഓഫീസര്‍ രോഗികളെ വിശദമായി പരിശോധിക്കുകയും വേണ്ട മരുന്നുകളും നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയും ചെയ്യുന്നു.ഫാര്‍മസിസ്റ്റ് ,ഡോക്റ്ററുടെ നിര്‌ദേശപ്രകാരമുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നു.

ഗൃഹ സന്ദര്‍ശനം: : ശയ്യാവലംബികളായ രോഗികളേയും വൃദ്ധജനങ്ങളേയും അവരുടെ വാസ സ്ഥലങ്ങളില്‍ ചെന്ന് പരിശോധിക്കുകയും മരുന്ന് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു സംവിധാനം ഇവിടെ നിലവിലുണ്ട്.

സ്‌കൂള്‍/ അംഗനവാടി സന്ദര്‍ശനം : അടുത്തുള്ള അംഗനവാടി കളും സ്‌കൂളുകളും സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് വേണ്ട വൈദ്യ പരിശോധനകളും മരുന്നുകളും നല്‍കുന്നതിനും ഫ്‌ലോട്ടിങ് ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ സംഘം സമയം കണ്ടെത്തുന്നു .

പ്രളയ ദുരന്ത ക്യാമ്പുകള്‍: ദുരന്ത ബാധിത സമയങ്ങളില്‍ മെഡിക്കല്‍ സംഘം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും അത്യാവശ്യ മരുന്നുകളും പ്രതിരോധ മരുന്നുകളുംവിതരണം ചെയ്യുകയും വേണ്ട ഉപദേശങ്ങള്‍ നല്കുകയുംചെയ്യുന്നു.

 

Skip to content