സഞ്ചരിക്കുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്

//സഞ്ചരിക്കുന്ന ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ്
The Tribal Mobile Medical Unit

ആദിവാസി ജനത കൂടുതല്‍ അധിവസിക്കുന്ന മേഖലകളായ ഇടുക്കി ജില്ലയിലെ മറയൂര്‍,കാന്തല്ലൂര്‍,ചിന്നക്കനാല്‍ പ്രദേശങ്ങളിലാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന ഗോത്രവര്‍ഗ മെഡിക്കല്‍ യൂണിറ്റ്പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളിലെ മിക്ക ജനങ്ങളും നിരക്ഷരരും അതീ ദരിദ്രരും ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ തികച്ചും അജ്ഞരും തങ്ങളുടെ ആചാരങ്ങള്‍ മാത്രം പിന്തുടരുകയും ഭാവിയെ കുറിച്ച് തികച്ചും അശ്രദ്ധരും ആയ അപരിഷ്‌കൃത വിഭാഗമായാണ് ഇന്നും ജീവിക്കുന്നത് . പോഷണക്കുറവും മദ്യം- പുകയില- മയക്കുമരുന്ന് ഉപയോഗവും ഇവരില്‍ സര്‍വ്വ സാധാരണമാണ്. കുടുംബഭാരം മുഴുവന്‍ സ്ത്രീകളുടെ ചുമലിലാണ്. വൃദ്ധജനങ്ങള്‍ തികച്ചും അവഗണിക്കപ്പെട്ടവരോ പിന്തള്ളപ്പെട്ടവരോ ആണ് .അതുകൊണ്ടു തന്നെ ആരോഗ്യ ശുചിത്വ ബോധനവും പോഷകാഹാര വിതരണവും പരിഷ്‌കാരത്തിന്റെ ആവശ്യകതയും ഇവരുടെ ഭൗതിക- ശാരീരിക-മാനസിക-വൈകാരിക തലങ്ങളില്‍ മറ്റെന്തിനേക്കാളും മുന്‍ഗണന അര്‍ഹിക്കുന്നു .

ഇത്തരം സാഹചര്യങ്ങളില്‍ സമഗ്ര ചികിത്സ പദ്ധതി ആയ ഹോമിയോപ്പതിക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകും എന്ന ചിന്തയില്‍ നിന്നാണ് TMMU നിലവില്‍ വന്നത്.മേല്‍ സൂചിപ്പിച്ച ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി വിദഗ്ധരായ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ സംഘം ഇത്തരം ഗോത്രവര്‍ഗ ജനങ്ങള്‍ക്കിടയില്‍ വമ്പിച്ച ആരോഗ്യ പ്രചരണം നടത്തേണ്ടത് അനിവാര്യമായി വന്നു.

സാമൂഹിക അനീതിക്കും ചൂഷണത്തിനും നിരന്തരമായി വിധേയമായിക്കൊണ്ടിരിക്കുന്ന ഈ ജനതയെ അതില്‍ നിന്നും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും ഉത്തരവാദിത്തമായി വരുന്നു.അവരുടെ ഉന്നമനം സംസ്ഥാനത്തിന്റെ അഥവാ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്.അവരുടെ വിദ്യാഭ്യാസ സാമ്പത്തിക താല്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

ഗോത്രവര്‍ഗ ജനവിഭാഗത്തിനിടയില്‍ വ്യക്തി-ഗാര്‍ഹിക സാമൂഹ്യ ശുചിത്വ ബോധം തീരെ കുറവാണ്.രോഗങ്ങളുടെ മുഖ്യ കാരണവും അത് തന്നെ.കൃഷിയിലും വനങ്ങളിലും തൊഴിലെടുക്കുന്നതിന് പുറമെ പാര്‍ട്ട് ടൈം തൊഴിലാളികളായും മിക്ക സ്ത്രീകളും ഉപജീവനം തേടുന്നു.എന്നാല്‍ മിക്കവരും നിരക്ഷരരോ അവിദഗ്ധരോ ആണ്.ആശുപത്രി-വാഹന സൗകര്യങ്ങള്‍ തുലോം കുറവായ ഈ പ്രദേശത്ത് നിന്ന് അത്യാവശ്യ വൈദ്യസഹായത്തിനു പോലും കിലോമീറ്ററുകളോളം കാല്‍ നടയായിത്തന്നെ പോകേണ്ടി വരുന്നു.അത് കൊണ്ട് തന്നെ ആരോഗ്യകേന്ദ്രങ്ങളിലെ സന്ദര്ശനങ്ങളും പതിവ് ചെക്ക് ആപ്പുകളും ഇവര്‍ ഒഴിവാക്കുന്നു.

ഇടുക്കി ജില്ലയിലെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥ വ്യതിയാനങ്ങളും ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രവചനാതീതമായ പകര്‍ച്ചവ്യാധി സംക്രമണത്തിനും കാരണമാവുന്നുണ്ട്. അവശതയിലും അവഗണനയിലും ആണ്ടു പോയ ,അരികുവല്‍ക്കരിക്കപ്പെട്ട ഗോത്ര സമൂഹത്തിന് ആരോഗ്യ ബോധവത്കരണവും , ചെലവ് കുറഞ്ഞതും പാര്‍ശ്വ ഫലരഹിതവും ഫലപ്രദവുമായ ഹോമിയോപ്പതി മരുന്നുകളിലൂടെ രോഗപ്രതിരോധവും പ്രാഥമിക ആരോഗ്യ സേവനങ്ങളും കരുതലും ശ്രദ്ധയും നല്‍കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.

ലക്ഷ്യങ്ങള്‍.

  • വീട്ടമ്മമാര്‍ക്കും തൊഴിലാളികള്‍ക്കും ഗര്‍ഭിണികള്‍ക്കും യുവതികളായ അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ബൗദ്ധിക-പോഷണ-ശുചിത്വ ബോധന ക്ളാസ്സുകള്‍ നല്‍കി ഗോത്ര വര്‍ഗ സ്ത്രീകളെ ശാക്തീകരിക്കുക.
  • സാമൂഹിക- സാന്മാര്‍ഗിക മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും പരസ്പര സ്‌നേഹത്തിന്റെയും ശ്രദ്ധയുടെയും മുതിര്‍ന്നവരെ ബഹുമാനിക്കേണ്ടതിന്റെയും കുടുംബത്തിന് വേണ്ടി സമ്പാദിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കുക
  • നല്ല നാളേയ്ക്ക് വേണ്ടി കെട്ടുറപ്പുള്ള കുടുംബ ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുക.
  • ജീനസ് എപ്പിഡമിക്കസ് വഴി പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുക.
  • ആല്‍ക്കഹോള്‍,പുകയില,വെറ്റില മുറുക്കല്‍ ,മയക്കുമരുന്ന് ഉപയോഗം എന്നിവ നിയന്ത്രിക്കല്‍
  • സാമൂഹ്യ-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക
  • ആത്മാര്‍ത്ഥമായ കുടുംബ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുക.
  • മെച്ചപ്പെട്ട ശുചിത്വം സൃഷ്ടിക്കുക.

 

 

Skip to content