ഹോമിയോപ്പതി വകുപ്പിന്റെ ശിശു-കൗമാര കേന്ദ്രിതപദ്ധതിയാണ് സദ്ഗമയ.
പത്തൊമ്പത് വയസ്സിനു താഴെയുള്ള കുട്ടികളുടെ ആരോഗ്യ പരിചരണമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.
ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പുറമെ കുട്ടികളിലെ സ്വഭാവ-പെരുമാറ്റ-പഠന വൈകല്യങ്ങളും അവയുടെ പരിഹാരവുമാണ് സദ്ഗമയയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
ഇത്തരം തകരാറുകള്‍ നമ്മുടെ നാട്ടില്‍ കൂടി വരുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.നേരത്തെ ഇത്തരം തകരാറുകള്‍ കണ്ടുപിടിക്കപ്പെടാതെയും കൃത്യമായി പരിഹരിക്കപ്പെടാതെയും പോകുന്നത് കൊണ്ട് അവരുടെ ജീ
വിതത്തിലെ ഗുണപരമായ ഒട്ടേറെ വര്‍ഷങ്ങളാണ് നഷ്ടപ്പെടുന്നത്. കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദവും ഏറെയാണ് .
സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും സദ്ഗമയ യൂണിറ്റ് ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.തദ്ദേശ ഭരണകൂടങ്ങളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ വിപുലമായ ശൃംഖല വഴി ബോധവല്‍ക്കരണം നടത്തി ഈ പദ്ധതിയെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ആദ്യഘട്ടത്തില്‍ചെയ്യുന്നത്.ഹോമിയോപ്പതി ചികിത്സ,കൗണ്‍സലിങ്, remedial teaching എന്നിവയിലൂടെ കുട്ടികളെയും കുടുംബാംഗങ്ങളെയും ശരിയായ വഴിയിലൂടെ കൈപിടിച്ചു നടത്തുകയാണ് സദ്ഗമയ ചെയ്യുന്നത്
ചരിത്രം.
സദ് ഗമയ എന്നാല്‍ സത്യത്തിന്‍ന്റെ വഴി എന്നാണ് അര്‍ഥം. ഹൈ സ്‌കൂള്‍ കുട്ടികളുടെ ബൗദ്ധിക പെരുമാറ്റ വികസനത്തിന് വേണ്ടി നേരത്തെ നടപ്പിലാക്കിയ ജ്യോതിര്‍ഗമയ എന്ന പദ്ധതിയുടെ ഒരു വികസിത രൂപമാണ് സദ്ഗമയ.
2012 ല്‍ ത്രിശൂരില്‍ തുടക്കമിട്ട സദ്ഗമയ 2013 ല്‍ പത്തനംതിട്ട യിലേക്കും 2014 ഓടെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു .കൗമാര പ്രശ്‌നങ്ങളെ ലക്ഷ്യം വെച്ചാണ് ആരംഭിച്ചതെങ്കിലും ഇന്ന് പത്തൊന്‍പത് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും പരിഗണിക്കുന്നുണ്ട് .
എങ്ങനെ പ്രവര്‍ത്തിക്കുന്നു?
പഠനത്തില്‍ പിന്നോട്ട് പോവുന്ന കുട്ടികളെ,അല്ലെങ്കില്‍ രക്ഷിതാക്കളെ പഠനനിലവാരം കൊണ്ടോ പെരുമാറ്റ രീതികൊണ്ടോ നിരന്തരമായി പീഡിപ്പിക്കുന്ന കുട്ടികളെ തിരിച്ചറിയുന്നതാണ് ആദ്യ ഘട്ടം.
രക്ഷിതാക്കളോ അധ്യാപകരോ സുഹൃത്തുക്കളോ ബന്ധുക്കളോ കണ്ടെത്തുന്ന ഇത്തരം കുട്ടികളെ ആ പ്രദേശത്തുള്ള സര്‍ക്കാര്‍/ NHM ഡിസ്‌പെന്‍സറികളിലോ ആശുപത്രികളിലോ പരിശോധിച്ചു മരുന്നുകളും വേണ്ട നിര്‍ദേശങ്ങളും നല്‍കുന്നു.പ്രാദേശിക ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാര്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണ്.ആഴ്ചയില്‍ ഏതെങ്കിലും ഒരു ദിവസം (മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം)ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കി വരുന്നു.(മിക്കവാറും ശനിയാഴ്ചകളില്‍.)
സങ്കീര്‍ണമായവ ജില്ലാ സദ്ഗമയ കേന്ദ്രത്തിലേക്കു റഫര്‍ ചെയ്യുന്നു അവിടെ ഇത്തരം കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഡോക്ടറും സൈക്കോളജിക്കല്‍ കൗണ്‍സിലറും സ്പെഷ്യല്‍ എജുക്കേഷന്‍ ടീച്ചറും കേസ്സുകള്‍ പഠിച്ചു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു.മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് വാങ്ങി രക്ഷിതാക്കള്‍ക്ക് നേരിട്ടും ഈ കേന്ദ്രങ്ങളില്‍ പോകാവുന്നതാണ്.
ജില്ലാ സദ്ഗമയ കേന്ദ്രം സാധാരണയായി ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ കീഴില്‍ ആണ് പ്രവര്‍ത്തിച്ചു വരുന്നത്.ഡി.എം.ഓ യുടെ മേല്‍നോട്ടത്തില്‍ സൂപ്രണ്ട് ആണ് സദ്ഗമയ യുടെ ചാര്‍ജ് വഹിക്കുന്നത്.മെഡിക്കലോഫീസര്മാരുടെ ഇടയില്‍ നിന്ന് താല്പര്യവും നൈപുണ്യവും ഉള്ള ഒരു മെഡിക്കല്‍ ഓഫീസറെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആയി നിയമിക്കുന്നു.കേന്ദ്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹം ആയിരിക്കും.കൂടാതെ ഓ.പി.കൈകാര്യം ചെയ്യുന്നതിന് രണ്ടു കോ ഓര്‍ഡിനേറ്റര്മാരും ഒപ്പമുണ്ടാകും.
കേസുകള്‍ കൈകാര്യം ചെയ്യുന്ന വിധം.
ആദ്യം വിളിക്കുന്നവര്‍ ആദ്യം എന്ന രീതിയില്‍ നല്‍കുന്ന അപ്പോയിന്റ്മെന്റിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവിടേക്ക് രജിസ്റ്റര്‍ ചെയ്യുന്നത്.ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 വരെ ഓ.പി.പ്രവര്‍ത്തിക്കും.
ഇവിടെ എത്തുന്ന രോഗികളെ ആദ്യം മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നു.കുട്ടിയും രക്ഷിതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം വിശകലനം നടത്തി കേസ് റെക്കോര്‍ഡില്‍ രേഖപ്പെടുത്തുന്നു.
ഇവരെ സൈക്കോളജിക്കല്‍ കൗണ്‍സലറുടെ അടുത്തേക്ക്കുറിപ്പുമായി അയക്കുന്നു. വിവിധ ഉപകരണങ്ങളുടെ സഹായത്തോടെ പ്രശ്‌നത്തെ ആഴത്തില്‍ വിലയിരുത്തുന്നു.
പഠനനിലവാരത്തകര്‍ച്ച ഉള്ളവരെ സ്പെഷ്യല്‍ എജുകേഷന്‍ ടീച്ചറുടെ അടുത്തേക്ക് അയക്കുന്നു.കുട്ടിയുടെ സ്‌കൂള്‍ നോട്ടുകളും മാര്‍ക്കും അവലോകനം ചെയ്ത് അവരുടെ നിലവാരവും പ്രശ്‌നങ്ങളും മനസ്സിലാക്കുകയും പരിഹാര പഠന പരിശീലനം നിര്‍ദേശിക്കുകയും നല്കുകയുംചെയ്യുന്നു.
ഇവരെ വീണ്ടും മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചു പ്രശ്‌നങ്ങള്‍ അവലോകനം ചെയ്ത് കൃത്യമായ മരുന്നുകള്‍ നിര്‍ദേശിക്കുന്നു.കൃത്യമായ ഇടവേളകളില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും നല്‍കിയ നിദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നു.
കാര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ ഇവരെ തിരിച്ചു അവര്‍ക്ക് സൗകര്യമായ , അടുത്തുള്ള ഡിസ്‌പെന്‍സറികളിലേക്കു തന്നെ അയക്കുന്നു.
ഹോമിയോപ്പതി ഭദ്രവും ഫലപ്രദവും പാര്‍ശ്വഫലരഹിതവുമായ സൗഖ്യം ഉറപ്പു നല്‍കുന്നു.മരുന്നുകള്‍ കൂടാതെ സൈക്കോളജിസ്റ്റിന്റെ കൗണ്‌സലിങ്ങും സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ പരിശീലന സഹായവും കൂടി ആവുമ്പോള്‍ നമ്മുടെ കുട്ടികളെ അവരുടെ യഥാര്‍ത്ഥ കഴിവുകള്‍ പുറത്തെടുത്തു അവരെ നാളെയുടെ വാഗ്ദാനങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്ന തീര്‍ച്ച.