ജനങ്ങള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചു അവര്‍ക്ക് എളുപ്പത്തില്‍ പ്രാപ്യമാവുന്ന സ്ഥലങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ വേണ്ടി കേരളസര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പ് ആവിഷ്‌കരിച്ച നൂതന പദ്ധതിയാണ് ഈ ക്ലിനിക്കുകള്‍. 2015 ആഗസ്റ്റില്‍ വെളിച്ചം കണ്ട ഈ പദ്ധതി വഴി ഇടുക്കി ജില്ലയിലെ അഴുത,കട്ടപ്പന ബ്ലോക്കുകളില്‍ പഞ്ചായത്തുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു.പഞ്ചായത്ത് അംഗങ്ങള്‍,ആരോഗ്യ പ്രവര്‍ത്തകര്‍,സന്നദ്ധ ക്ലബ്ബുകള്‍ കുടുംബശ്രീ യൂണിറ്റുകള്‍,അംഗനവാടികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
ഇവിടങ്ങളിലെ മിക്ക ജനങ്ങളും ദരിദ്രരും നിരക്ഷരരും ആണ്.ആരോഗ്യ കാര്യങ്ങളെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ പ്രാഥമികകാര്യങ്ങള്‍ പോലും ഇവര്‍ക്ക് അറിയില്ല എന്നതാണ് വസ്തുത.
ഗോത്രവര്‍ഗ-പ്രാക്തന ഗോത്രവര്‍ഗ വിഭാഗക്കാര്‍,തോട്ടം തൊഴിലാളികള്‍ എന്നിവര്‍ ജനസംഖ്യയില്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ പോഷകക്കുറവ്,മദ്യം,പുകയില,മറ്റു ലഹരി സാധനങ്ങള്‍ എന്നിവയുടെ ഉപയോഗം എന്നിവ സര്‍വ സാധാരണമാണ് .
ആശുപത്രി സൗകര്യങ്ങളോ യാത്രാ സൗകര്യങ്ങളോ തുലോം പരിമിതമായ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കമുള്ള ജനവിഭാഗങ്ങളും ഗോത്ര വര്‍ഗ വിഭാഗങ്ങളും ഇടതിങ്ങി കഴിയുന്ന ഇത്തരം പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുവാനാണ് ഇത്തരം സ്‌പെഷ്യലിറ്റി മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ലക്ഷ്യമിടുന്നത്.കൂടാതെ, പ്രതിരോധ മെഡിക്കല്‍ ക്യാമ്പുകള്‍ ,സാന്ത്വന പരിചരണ ഗൃഹ സന്ദര്‍ശനങ്ങള്‍,രക്ത പരിശോധന,അനാഥ മന്ദിര-വയോജന കേന്ദ്ര സന്ദര്‍ശനങ്ങള്‍ ,ലഹരി മുക്തിക്കു വേണ്ട കൗണ്‍സലിംഗ്,എന്നിവക്ക് പുറമെ ഹോമിയോപ്പതി വകുപ്പിന്റെ മുഴുവന്‍ സേവനങ്ങളും പദ്ധതികളും ഈ ക്ലിനിക്കുകളിലൂടെ നടത്തപ്പെടുന്നു.
സ്റ്റാഫ് പാറ്റേണ്‍
- ഒരു മെഡിക്കല്‍ ഓഫീസര്‍
- ഒരു നേഴ്സ്
- ഒരു ഡിസ്പെന്‍സര്‍
- ഒരു വാഹനവും അതിന്റെ ഡ്രൈവറും
- വകുപ്പ് അനുവദിക്കുന്ന പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി ചെലവ് നടത്തുന്നത്.
അഴുത,കട്ടപ്പന ബ്ലോക്കിലെ പഞ്ചായത്തുകളില്‍ (പെരിയാര്‍ കടുവ സങ്കേതം,കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഇടുക്കി വന്യമൃഗ സങ്കേതം എന്നിവയുള്‍പ്പെടെ )ക്യാമ്പുകള്‍ സംഘടിപ്പിച്ചു.ശബരിമല-മകരവിളക്ക് സീസണില്‍ തീര്‍ത്ഥാടകര്‍ക്കു വേണ്ടി പ്രത്യേക ക്യാമ്പുകള്‍ നടത്തി. അംഗനവാടികള്‍ ,കമ്യൂണിറ്റി ഹാളുകള്‍,വായനശാലകള്‍,ഗോത്രവര്‍ഗ്ഗ വിദ്യാലയങ്ങള്‍, കോളനികള്‍,സ്പെഷ്യല്‍ സ്‌കൂളുകള്‍,അനാഥ മന്ദിരങ്ങള്‍, വയോജനകേന്ദ്രങ്ങള്‍,വൃദ്ധ മന്ദിരങ്ങള്‍,ഉള്‍ക്കാടുകളില്‍ ഒറ്റപ്പെട്ടു പോയ ആദിവാസി ഊരുകള്‍ എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.