1790 ല്‍ ജര്‍മ്മന്‍ ഭിഷഗ്വരനായിരുന്ന ഡോ .സാമുവല്‍ ഹാനിമാന് ആവിഷ്കരിച്ച നൂതന ചികിത്സ സമ്പ്രദായം ഇന്ന് ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളില്‍ രണ്ടാമത്തേയും ഇതര വൈദ്യ ശാസ്ത്ര മേഖലകളില്‍ ഒന്നാമത്തെയും സ്ഥാനം അലങ്കരിക്കുന്നു. ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇത് വളരെ സ്പഷ്ടവുമാണ്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു ‘ എന്ന അടിസ്ഥാന തത്വത്തിലും പ്രകൃതി നിയമങ്ങളാലും നിബന്ധിച്ചിരിക്കുന്ന ഹോമിയോപ്പതി ഒരേ സമയം ശാസ്ത്രീയവും ദാര്‍ശനികവുമായ ഒന്നാണെന്ന് കാണാം .
വിവിധഭാഷാ പണ്ഡിതനും അധ്യാപകനും പരിഭാഷകനും ആയ ജര്‍മ്മന്‍ ഭിഷഗ്വരന് ഡോ .ക്രിസ്റ്റിന് ഫ്രഡറിക് സാമുവേല്‍ ഹാനിമാന് നിരവധി നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ രൂപപ്പെടുത്തിയതാണ് ഈ ചികിത്സാപദ്ധതി.
ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ .ഹാനിമാന് കുറച്ചുകാലം ചികിത്സ നടത്തിയിരുന്നെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന രക്തമൊഴുക്കല്‍,അട്ടയെ കൊണ്ട് കടിപ്പിക്കല്‍,പൊള്ളിക്കല്‍ തുടങ്ങി പ്രാകൃതവും അശാസ്ത്രീയവും ക്രൂരവുമായ ചികിത്സാ രീതികളോട് കലഹിച്ചു പ്രാക്റ്റീസ് ഉപേക്ഷിച്ചു .ചികിത്സ ഉപേക്ഷിച്ചുവെങ്കിലും ഉപജീവനത്തിനു വേണ്ടി വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്ന ജോലി ഏറ്റെടുത്തു. ഇതിനിടയില്‍ വില്യം കല്ലന് എഴുതിയ മെറ്റീരിയ മെഡിക്ക എന്ന പുസ്തകം അദ്ദേഹം സാന്ദര്‍ഭികമായി കാണാനിടയായി. ക്വയിന എന്ന ഔഷധത്തിന്റെ കയ്പ് രസമാണ് മലമ്പനി ഭേദമാക്കാന്‍ കാരണമാവുന്നത് എന്ന ഒരു പരാമര്‍ശം ആ പുസ്തകത്തില്‍ ഉണ്ടായിരുന്നു.ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.കയ്പ് രസമുള്ള മറ്റു വസ്തുക്കള്‍ എന്ത് കൊണ്ട് എന്ന് ചിന്തിച്ച ഡോ .ഹാനിമാന് ക്വയിന മരുന്ന് സ്വയം കഴിച്ചു നോക്കി.അത്ഭുതമെന്ന് പറയട്ടെ,മലമ്പനിയുടെ ലക്ഷണത്തിന് സമാനമായ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ പ്രത്യക്ഷപ്പെട്ടു.സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും പരീക്ഷിച്ചപ്പോഴും അങ്ങനെ തന്നെ കാണപ്പെട്ടു. ഇതില്‍ നിന്നാണ് ഹോമിയോപ്പതിയുടെ പിറവി. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ രോഗസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വസ്തുവിനുള്ള കഴിവാണ് സമാന ലക്ഷണങ്ങള്‍ ഉള്ള രോഗത്തെ സുഖപ്പെടുത്താന്‍ ആ വസ്തുവിനെ സഹായിക്കുന്നത് എന്ന അടിസ്ഥാന പ്രമാണം നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ചു.
സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു അഥവാ like cures likes എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം .സാമ്യം അഥവാ സദൃശം എന്ന അര്‍ഥം വരുന്ന homoeo എന്ന വാക്കും സഹനം അഥവാ ക്ലേശം എന്ന അര്‍ഥം വരുന്ന pathos എന്ന വാക്കും കൂട്ടിച്ചേര്‍ത്ത് homoeopathy എന്ന പേരാണ് പുതിയ ചികിത്സ സമ്പ്രദായത്തിന് അദ്ദേഹം നല്‍കിയത്..